ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്നാം ഏകദിനത്തില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഉജ്ജ്വല കന്നി സെഞ്ച്വറിയുമായി സഞ്ജു സാംസണ് കളം നിറഞ്ഞു. ഒപ്പം കന്നി അര്‍ധ സെഞ്ച്വറിയുമായി തിലക് വര്‍മയും കാമിയോ ഇന്നിങ്സുമായി റിങ്കു സിങും ഒപ്പം നിന്നതോടെ ഇന്ത്യന്‍ സ്കോര്‍ മികച്ച നിലയിലെത്തി.
കന്നി ഏകദിന സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. നിര്‍ണായക ഘട്ടത്തില്‍ നിര്‍ണായക ശതകമെന്നതാണ് കന്നി ഏകദിന സെഞ്ച്വറിയുടെ മഹത്വം. മൂന്നാമനായി ക്രീസിലെത്തിയ താരം നിലയുറപ്പിച്ച ശേഷമാണ് കളി മെനഞ്ഞത്. 110 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ ഉജ്ജ്വല ബാറ്റിങ്.
114 പന്തില്‍ 108 റണ്‍സെടുത്ത് സഞ്ജു മടങ്ങി. താരം ആറ് ഫോറും മൂന്ന് സിക്സും പറത്തി.
തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് ഇന്നിങ്സ്.
നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു.
റിങ്കു സിങിന്റെ കൂറ്റനടികളും ഇന്ത്യക്ക് നിര്‍ണായകമായി. താരം 27 പന്തില്‍ 38 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്സും റിങ്കു പറത്തി.
അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്ശന് (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്.
രജത് മികച്ച രീതിയിലാണ് തുടങ്ങിയത്. താരം 16 പന്തിലാണ് 22 റണ്‍സെടുത്തത്. മൂന്ന് ഫോറും ഒരു സിക്സും രജത് പറത്തി. അക്ഷര്‍ പട്ടേല്‍ (1), വാഷിങ്ടന്‍ സുന്ദര്‍ (14) എന്നിവരും പുറത്തായി. കളി അവസാനിക്കുമ്പോള്‍ ഏഴ് റണ്‍സുമായി അര്‍ഷ്ദീപ് സിങ് (7), അവേശ് ഖാന് (1) പുറത്താകാതെ നിന്നു.
ബെയ്റുന് ഹെന്‍ഡ്രിക്സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസാര്‍ഡ് വില്ല്യംസ്, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.