Close up of Covid-19 vaccine - vials and syringe. Glass bottles on a reflective surface
കൊവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊവിഷീല്‍ഡ് വാക്സിന് ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല. നിലവിൽ ഉണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
വികസ്വരരാജ്യങ്ങളിലെ വാക്സിന് നിര്‍മാതാക്കളുടെ ശൃംഖലയുടെ വാര്‍ഷികപൊതുയോഗത്തിന്റെ ഭാഗമായി നടന്ന ത്രിദിന സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധവാക്സിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
വാക്സിനേഷനായി കേന്ദ്രബജറ്റില്‍ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനല്‍കി. ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് തുടരുകയാണ്. 1.8 കോടി ഡോസ് വാക്സിന് നിലവില്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ആറുമാസത്തോളം വാക്സിനേഷന് യജ്ഞം തുടരാന്‍ സ്റ്റോക്ക് പര്യാപ്തമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.