കൊച്ചി : ആഴ്ചയിൽ ഒരു ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്യാൻ തയ്യാറാണെന്ന് രാജ്യത്തെ മികച്ച ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാളായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കേരളത്തിലെ തുടക്കക്കാരനായ ഡോ പെരിയപ്പുറം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കിൽ സുരക്ഷിതമായി സർജറി ചെയ്യാൻ സൗകര്യം ചെയ്താൽ മാത്രം മതിയെന്നും, സ്വന്തം ടീമിനൊപ്പം ശസ്ത്രക്രിയ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമാണ് ജോസ് ചാക്കോ പെരിയപ്പുറം. കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.