ബെനോനി: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിനു ടിക്കറ്റ് എടുത്തത്. സ്കോർ:- ദക്ഷിണാഫ്രിക്ക 244-7, ഇന്ത്യ 248-8. പാക്കിസ്ഥാൻ-ഓസ്ട്രേലിയ മത്സരത്തിലെ വിജയിയാണ് ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികൾ.അഞ്ചുവട്ടം ചാമ്പ്യൻമാരായ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ഫൈനലാണ് ഇത്.
നായകൻ ഉദയ് സാഹറന്റെയും സച്ചിൻ ദാസിന്റെയും പ്രകടനമാണ് തകർച്ചയിൽനിന്നും ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.32 റണ്‍സിനിടെ നാല് മുൻനിര ബാറ്റർമാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് ഉദയ്-സച്ചിൻ സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 171 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്.
ഉദയ് 124 പന്തിൽ നാല് ഫോർ ഉൾപ്പെടെ 81 റണ്‍സെടുത്തു. സച്ചിൻ 95 പന്തിൽ 11 ഫോറും ഒരു സിക്സും ഉൾപ്പെടെ 96 റണ്‍സെടുത്തു. ഇന്ത്യയെ 203ൽ എത്തിച്ചശേഷമാണ് സച്ചിൻ മടങ്ങിയത്. ഉദയ് മടങ്ങിയപ്പോൾ സ്കോർ സമനിലയിൽ എത്തിയിരുന്നു.ഉദയും സച്ചിനും പുറമേ അർഷിൻ കുൽകർണി (12), ആരവല്ലി അവനീഷ് (10), രാജ് ലിംബാനി (13) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്വെന മഫാകയും ട്രിസ്റ്റന്‍ ലൂസും മൂന്നു വീതം വിക്കറ്റുകള്‍ നേടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 244 റണ്‍സെടുത്തു. വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്ററുമായ ഹുവാൻ ഡ്രെ പ്രിറ്റോറിയസിന്റെയും റിച്ചാർഡ് സെലറ്റ്സ്വാനെയുടെയും ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തിയത്.
ഹുവാൻ ഡ്രെ പ്രിറ്റോറിയസ് 102 പന്തിൽ 76 റണ്‍സാണ് നേടിയത്. സെലറ്റ്സ്വാനെ 100 പന്തിൽ 64 റണ്‍സും നേടി. ക്യാപ്റ്റൻ ജുവാൻ ജെയിംസ് (24), ട്രിസ്റ്റൻ ലൂസ് ( പുറത്താകാതെ 23), ഒലിവർ വൈറ്റ്ഹെഡ് (22), സ്റ്റീവ് സ്റ്റോക്ക് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഇന്ത്യയ്ക്കുവേണ്ടി രാജ് ലിംബാനി മൂന്നു വിക്കറ്റെടുത്തു. മുഷീർ ഖാൻ രണ്ടും നമൻ തിവാരി, സൗമി പാണ്ഡി എന്നിവർ ഓരോ വിക്കറ്റുകളും നേടി.