പിസി ജോര്‍ജ്ജ് തന്റെ വാക്ക്പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കേരളത്തില്‍ കോണ്‍ഗ്രസിന് സമീപഭാവിയിലെങ്ങും ഇനി ഒരു ഭരണം സ്വപ്നം കാണാന്‍ പോലും കഴിയില്ല. ഇനി ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ പിസി ജോര്‍ജ്ജിനു വേണ്ടി വീണ്ടും കോണ്‍ഗ്രസ് ചീഫ് വിപ്പ് പദവി സൃഷ്ടിക്കുകയും അദ്ദേഹം ഭരണിപ്പാട്ട് തുടരുകയും ചെയതാല്‍ പാവം നമ്മള് പൊതു ജനങ്ങള്‍ മിണ്ടാതിരുന്ന് ഇവയെല്ലാം സഹിക്കേണ്ടി വരില്ലേ
അണ്‍പാര്‍ലമെന്ററി എന്ന വാക്കിന് ഒരു അര്‍ത്ഥമുണ്ട്, ആ വാക്കിന്റെ അര്ത്ഥത്തിന് ഒരു പരിമിതിയുണ്ട്. പിസി ജോര്‍ജ്ജ് തന്റെ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വാക്കുകളെ അണ് പാര്‍ലമെന്ററി എന്നു വിശേഷിപ്പിച്ചാല്‍ ആ വാക്കിന്റെ സംസ്കാരം തന്നെ നഷ്ടപ്പെട്ടു പോകും.
കെആര്‍ ഗൗരിയമ്മ എന്ന പല്ലു പോയ സിംഹത്തിന്റെ വാക്കുകളെ ജോര്‍ജ്ജ് എന്തിന് ഭയക്കുന്നു എന്നത്, എന്നെ പോലെ തന്നെ വായനക്കാര്‍ക്ക് പലര്‍ക്കും തോന്നിയിരിക്കാവുന്ന ഒരു ചോദ്യമാണ്. നമ്മളെല്ലാവരും തന്നെ കൊച്ചു ക്ലാസുകളില്‍ നടക്കുന്ന കഥകള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ചില സംശയങ്ങള്‍ ചോദിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ഉത്തരം മുട്ടുകയും രംഗത്ത് നിന്ന് രക്ഷപ്പെടാന്‍ അവര്‍ വിദ്യാര്‍ത്ഥിയെ ആവശ്യമില്ലാതെ വഴക്ക് പറയുകയും ചെയ്യും. അതു പോലുണ്ട് പി സി ജോര്‍ജ്ജിന്റെ തെറി വിളിയും. ഗൗരിയമ്മ പറഞ്ഞ കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് ജോര്‍ജ്ജിന് കഴിയുന്നില്ല എന്നു പറയുന്നത് തന്നെ ഒരു കീഴടങ്ങലാണ്. ആ കീഴടങ്ങലിന് മുകളിലൂടെ വിരിക്കാനുള്ള മൂടുപടമാണ് ജോര്‍ജ്ജിന്റെ ദേഷ്യ പ്രകടനം. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ നെടുംതൂണ് നികേഷ് കുമാര്‍ ജോര്‍ജ്ജിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ജോര്‍ജ്ജ് വളരെയധികം പ്രകോപിതനാകുന്നത് കണ്ടു. ആരോപണങ്ങളില്‍ എന്തെങ്കിലും വിധത്തില്‍ കഴമ്പ് ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം അതിനോട് പോരാടാന്‍ തീരുമാനിക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ സംബന്ധമായി ആരോപണം കേള്‍ക്കാത്ത ഒറ്റ വ്യക്തി പോലുമില്ല, എന്നാല്‍ അവര്‍ക്കൊന്നും ജോര്‍ജ്ജിന്റെ വാശിയോ കടുംപിടുത്തമോ ഇല്ല. സമാനമായ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് കേസ ഒത്തു തീര്‍പ്പാക്കന്‍ നോക്കുകയോ മേല്‍ കോടതിയെ സമീപിക്കുകയോ ചെയ്യും. എന്നാല്‍ ജോര്‍ജിനെതിരെ മാത്രം ആരോപണം വന്നാല്‍ അദ്ദേഹം നേരിടുന്നത് നേരിട്ട് തന്നെ. വാദിയും പ്രതിയും എല്ലാം ജോര്‍ജ് ചെറുപ്പത്തില്‍ പഠിച്ച തെറികളുടെ അകമ്പടിയോടെ ഭംഗിയായി നിര്‍വഹിക്കും, എന്നിട്ട് അതിനൊരു പേരും നല്‍കും നാട്ടുഭാഷ.
ഗൗരിയമ്മയെ കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍ തന്നെ മന്ത്രി ഗണേഷിനെയും അച്ഛന് ബാലകൃഷ്ണപിള്ളയേയും ജോര്‍ജ്ജ് ചെറുതായിട്ടൊന്നു പരാമര്‍ശിച്ചു. അപ്പനും മകനും തെണ്ടികളാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്. പിള്ളയും ഗണേഷും വീണ്ടും ചക്കരയും തേനും പോലെ ആയ സ്ഥിതിക്ക് ജോര്‍ജ്ജിന്റെ സ്ഥാനം കുപ്പതൊട്ടിയാണെന്ന തിരിച്ചറിവില്‍ നിന്നാവണം രണ്ടു പേരെയും തന്റെ സ്വയസിദ്ധമായ ശൈലില് പുകഴ്ത്താന്‍ ജോര്‍ജ്ജ് തീരുമാനിച്ചത്.
ജോര്‍ജ്ജിന്റെ പ്രസ്താവനയെ എത്ര ശ്രമിച്ചാലും രാഷ്ട്രീയ വൈര്യവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ജോര്‍ജ്ജ് കാട്ടിയത് അധികാരത്തിന്റെ അഹങ്കാരം തന്നെയാണ്. ഇനിയും സംസ്കാര രഹിതമായി പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്ന പിസി ജോര്‍ജ്ജിനെ പോലുള്ളവരെ ഭരണ മുന്നണിയുടെ കൂടെ നിര്‍ത്താനാണ് ഭാവമെങ്കില്‍ ജോര്‍ജ്ജ് ഇഴഞ്ഞു നടക്കുന്നത് കാണേണ്ടി വരും എന്ന് എഐവൈഎഫ് നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അത്തരത്തില്‍ നാട്ടുകാര്‍ തല്ലിക്കൊല്ലുന്ന അനര്‍ത്ഥങ്ങളില്‍ നിന്ന് ജോര്‍ജ്ജിനെ പോലുള്ളവരെ നാം രക്ഷിച്ചില്ലെങ്കില്‍ ആ ഡിഎന്‍എക്ക് വംശനാശം സംഭവിക്കും, ഇതു പോലുള്ള പീസുകള്‍ ഒന്നേ ഉണ്ടാകാന്‍ തരമുള്ളു, വംശനാശം സംഭവിക്കാതെ പോറ്റി പുലര്‍ത്തേണ്ടത് നമ്മുടെ കടമയാണ്, കര്‍ത്തവ്യമാണ്.
പതിവ് പോലെ തെറി വിളി കഴിഞ്ഞപ്പോള്‍ പഴി മാധ്യമങ്ങളുടെ തലയില്‍ ചുമത്തി ജോര്‍ജ്ജ് വീണ്ടും പുണ്യാളനായി, രൂപ കൂട്ടില്‍ കയറുകും ചെയ്തു.എത്ര തെറി വിളിച്ചാലും, ഇനി നാളെ മുഖ്യനെ ചെന്ന് ഉടുമുണ്ട് പൊക്കി കാണിച്ചാലും നടപടിയൊന്നും ഉണ്ടാകില്ല. നീണാല്‍ വാഴ്ക പൂഞ്ഞാര്‍ പുലി.