തൃശൂർ: മണിചെയിൻ തട്ടിപ്പു കേസിൽ ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ഹൈറിച്ച് തട്ടിപ്പിൽ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണെന്നും ഇഡി പറയുന്നു.
ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞ് പ്രതാപനും ഭാര്യയും വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മുങ്ങിയിരുന്നു. ഇവർ മുൻകൂർ ജാമ്യം തേടി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. 2019 ലാണ് പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് ഹൈറിച്ച് കമ്പനി ആരംഭിക്കുന്നത്.ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവില്‍ കുറഞ്ഞത് 1,630 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നും ചേര്‍പ്പ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പൊള്ളാച്ചിയിലെ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, കോടാലിയിലെ ഫാംസിറ്റി, ഒടിടി പ്ലാറ്റ്ഫോം, വിദേശരാജ്യങ്ങളിലെ 80 പ്രദേശങ്ങളിലുള്‍പ്പെടെ നടത്തുന്ന ക്രിപ്റ്റോ കറന്സിയിടപാടുകള് എന്നിവയെപ്പറ്റിയെല്ലാം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു.