കാസർകോട് : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ് ഉപയോഗിച്ചത് അതീവ ഗൗരവ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇത് മുമ്പും നടത്തിയിട്ടുണ്ടോ? ഏജൻസികൾ ഇത്തരം കാര്യങ്ങൾ മുമ്പ് ചെയ്തിട്ടുണ്ടോ? വോട്ടർ പട്ടികയുടെ കാര്യമായതിനാൽ ഇത് പൊതുതെരഞ്ഞെടുപ്പിനെ പോലും എങ്ങനെ ബാധിക്കുമെന്ന് ഉൾപ്പെടെയുള്ള ഗൗരവ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ അന്വേഷണ ഏജൻസികളും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് മനസ്സിലാക്കുന്നത്. ജനാധിപത്യ പാർട്ടി എന്ന പേരാണ് കോൺഗ്രസിനെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയും നടക്കാത്ത പാർട്ടിയാണത്. തെരഞ്ഞെടുപ്പിന് പകരം നോമിനേഷൻ മാത്രമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നപ്പോഴാകട്ടെ അത് ഇങ്ങനെയുമായി.
ഒരു പാർട്ടിക്കകത്ത് ആരോഗ്യപരമായി നടക്കേണ്ടുന്ന കാര്യം ഇത്രയും നെറികെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നവർ രാഷ്ട്രീയ എതിരാളികളോട് എന്തെല്ലാം ചെയ്യും. ഇത്തരം കാര്യങ്ങളിൽ ആ പാർട്ടിയുടെ ഉപദേശകരുടെ പങ്ക് കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. ആ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിന്റെ ധര്‍മ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിനായി മന്ത്രിസഭ സഞ്ചരിക്കുന്ന ബസിനെക്കുറിച്ചും നുണവാർത്തകൾ പ്രചരിച്ചിരുന്നു. കാസർകോട് നിന്ന് പൈവെളിഗെയിലേക്ക് പോകും വഴി ദേശീയ പാതാ വികസനത്തിലെ പുരോഗതി നേരിട്ട് കാണാനായി ഇടയ്ക്ക് വാഹനം നിർത്തിയിരുന്നു. ഇതിനെ സാങ്കേതിക തകരാർ, മന്ത്രിമാരുടെ വാഹനം പാതിവഴിയിൽ നിലച്ചുപോയി എന്നാണ് ചിലർ റിപ്പോർട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.