തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനത്തിന് നാളെയെത്തും. ഐ.എസ്.ആർ.ഒയിലെ ഔദ്യോഗിക പരിപാടിയും കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ ഷെഡ്യൂളിൽ ഉള്ളത്. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനവും ഇതിനൊപ്പമുണ്ടാകും എന്ന സൂചനയുമുണ്ട്.
നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര് സമ്മേളനത്തില്‍ പങ്കുചേരും. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളനവേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരന്, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരന്, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.