തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുള്ള മെഡിക്കൽ വിദ്യാർത്ഥിനിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ നിരീക്ഷണത്തിലാക്കിയത്. ബൈക്കിൽ സഞ്ചരിക്കവെ വവ്വാൽ ഇടിച്ചെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനാ ഫലമാണിത്. അതേസമയം, സംസ്ഥാനത്ത് നിലവിൽ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ ആരോഗ്യ പ്രവർത്തകനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മറ്റൊരു ആരോഗ്യപ്രവർത്തകനും രോഗലക്ഷണമുണ്ട്.