തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എക്സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെയാണ് റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരിക്കുന്നത്.
വീണ വിജയനെ ചോദ്യം ചെയ്ത് എസ്എഫ്ഐഒ അന്വേഷണം പിടിമുറുക്കാനൊരുങ്ങുന്നതിനിടെയാണ് എക്സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കില്‍നിന്ന് ഉള്‍പ്പെടെ വിവരം ശേഖരിക്കാന്‍ അന്വേഷണ സംഘം നടപടി ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കമുണ്ടായത്. കേന്ദ്ര സര്‍ക്കാറിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിര് കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹര്‍ജി. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ഒരുപാട് നിലനില്‍ക്കെയാണ് എക്സാലോജികിന്റെ ഹര്‍ജി.