വെല്ലിങ്ടൺ: ട്വന്റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ, ക്രിക്കറ്റ് ബോർഡുമായി അടുത്ത സീസണിലെ കരാർ പുതുക്കാനും തയാറായില്ല. വില്യംസണിന്റെ തീരുമാനം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.
ക്രിക്കറ്റ് ബോർഡുമായുള്ള സെൻട്രൽ കരാർ പുതുക്കാതിരുന്നത് കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കാൻ വേണ്ടിയിട്ടാണെന്ന് 33കാരനായ വില്യംസൺ പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് താൽപ്പര്യം നഷ്ടപ്പെട്ടതായി തീരുമാനത്തെ വ്യാഖ്യാനിക്കരുത്. ന്യൂസിലാൻഡിനായി മൂന്ന് ഫോർമാറ്റിലും കളിക്കാൻ താൻ എപ്പോഴും സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിന് ഇപ്പോൾ പ്രാധാന്യം നൽകുകയാണ്. ന്യൂസിലാൻഡിന് വേണ്ടി കളിക്കുകയെന്നത് ഒരു നിധി പോലെയാണ്. എന്നാൽ, ക്രിക്കറ്റിനു പുറത്തുള്ള എന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതും വീട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നതും ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു -വില്യംസൺ പറഞ്ഞു.
ന്യൂസിലാൻഡിന്റെ മികച്ച ക്യാപ്റ്റന്മാരിലൊരാളായി കരുതപ്പെടുന്ന കെയ്ൻ വില്യംസൺ ഏകദിനത്തിൽ 165 മത്സരങ്ങളിൽ 6810 റൺസെടുത്തിട്ടുണ്ട്. 100 ടെസ്റ്റിൽ നിന്ന് 8743ഉം 93 ട്വന്റി20യിൽ നിന്ന് 2575ഉം റൺസ് നേടി. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമംഗമാണ്. വില്യംസണിന് പുറമേ, പേസ് ബൗളർ ലോക്കി ഫെർഗൂസണും ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡുമായി സെൻട്രൽ കരാർ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.