തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനെ ജാഗ്രതയോടെ സമീപിക്കണമെന്ന് തൃശൂർ അതിരൂപത. മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വൈദികർക്കും വിശ്വാസികൾക്കുമായി പുറത്തിറക്കിയ സർക്കുലറിൽ അതിരൂപത വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ അതിരൂപത ജാഗ്രതാ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്.
രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെമ്പാടും ക്രൈസ്തവർക്ക് നേരെയും അവരുടെ സ്ഥാപനങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ വർധിച്ചു. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായിപ്പോയതുകൊണ്ട് മാത്രം സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നവരായി ക്രൈസ്തവർ മാറി. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണ് എല്ലാ പാർട്ടികളും സ്വീകരിക്കുന്നതെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അത് പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും നോട്ടീസിൽ വിമർശനമുണ്ട്.