പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിസ്ഥാനത്തുള്ള അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യം. എന്നാല്‍ ഇയാളുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പത്തനംതിട്ടയില്‍ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് 3.60 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ അഖില്‍ സജീവിനെ നിലവിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
നിയമനക്കോഴ തട്ടിപ്പില്‍ തനിക്കു പങ്കില്ലെന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ അറിയില്ലെന്നും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് ഇടപാടില്‍ പങ്കില്ലെന്നുമാണ് അഖില്‍ സജീവ് പോലീസിനോടു പറഞ്ഞത്.
മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഖില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ചോദ്യം ചെയ്യലിലും മൊഴിയായി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.