തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണിയാണ് നിര്‍ദേശം നല്‍കിയത്. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാര്ഡന് എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ജീവനക്കാരുടെ കുറവിനെപ്പറ്റി ഡീന്‍ പറയേണ്ട കാര്യമില്ല. ഡീന്‍ ഡീനിന്റെ ചുമതല നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതുണ്ടായില്ല. വീഴ്ച സംഭവിച്ചതായി മനസിലായ സാഹചര്യത്തിൽ അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്യാൻ നിർദേശം നൽകി. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ അര്‍ധ നഗ്നനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു.
അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രഹാന്റെ ഫോണില്‍ ഡാനിഷ് ആണ് സിദ്ധാര്‍ത്ഥനെ തിരികെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുന്നത്. ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.