ന്യൂഡൽഹി: പൊതുജനങ്ങളുടെ സുരക്ഷയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്വർക്കുകൾ സർക്കാരുകൾക്ക് താൽക്കാലികമായി പിടിച്ചെടുക്കാമെന്ന് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ദുരന്ത നിവാരണം ഉൾപ്പെടെയുള്ള പൊതു അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുന്ന വേളയിലോ പൊതുസുരക്ഷയുടെ താല്പര്യങ്ങൾ മുൻ നിർത്തിയോ ആണിത്.
കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പ്രത്യേകം അധികാരപ്പെടുത്തിയ എതെങ്കിലും ഉദ്യോഗസ്ഥന് ഒരു അറിയിപ്പിലൂടെ ടെലികമ്യൂണിക്കേഷൻ സേവനമോ നെറ്റ്വർക്കോ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് താൽകാലികമായി കൈവശപ്പെടുത്താമെന്നും ബില്ലിൽ പറയുന്നു.അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് ബിൽ പറയുന്നുണ്ട്. സബ് സെക്ഷൻ (2)ലെ ക്ലോസ് (എ) ക്ലോസ് പ്രകാരം വിവരക്കൈമാറ്റം നിരോധിക്കാത്തിടത്തോളം ഇത് നിലനിൽക്കും.
പൊതുസുരക്ഷ മാനിച്ച് വ്യക്തികൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നത് നിർത്തിവെയ്ക്കാൻ സർക്കാരിനാകും.ടെലികോം നെറ്റ്വർക്കുകൾ ഇങ്ങനെ നിർത്തിവെയ്ക്കാനും സർക്കാരിന് അധികാരം ലഭിക്കും. നിയമവിരുദ്ധമായി സന്ദേശങ്ങൾ തടസപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവോ രണ്ട് കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും ബില്ലിൽ പറയുന്നുണ്ട്.
കരട് വ്യവസ്ഥ ചെയ്യുന്നത് അനുസരിച്ച് ടെലികോം തർക്ക പരിഹാരത്തിനും അപ്പലേറ്റ് ട്രൈബ്യൂണലിനും രൂപം നൽകും. 1950 ലെ ടെലിഗ്രാഫ് വയേഴ്സ് (നിയമവിരുദ്ധമായ കൈവശം വെക്കൽ) നിയമം,1993 ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രഫി ആക്ട്, 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായാണ് ഈ നിയമങ്ങളുള്ളത്. നിലവിലുള്ള നിയമങ്ങൾക്ക് ഏറെ പഴക്കമുള്ളതിനാൽ പുതിയ നിയമം വേണമെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.