കോട്ടയം : മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയ ശേഷം ജോസ് കെ മാണി പ്രതികരിച്ചു. 1991, 1996, 2001 വർഷങ്ങളിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ജോണി നെല്ലൂർ.
ഇനിയും പല നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങി വരും. ജോണി നെല്ലൂരിന്റെ മടങ്ങി വരവ് പാർട്ടിക്ക് കരുത്താകും. യുഡിഎഫിന്റെ ഭാഗമായിരുന്നയാൾ എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ അത് വലിയ സന്ദേശമാണ് നൽകുന്നത്. ഉചിതമായ പദവി നെല്ലൂരിന് നൽകും. ജോണി വർഷങ്ങൾക്ക് മുൻപ് തന്നെ മടങ്ങി വരാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.അതേസമയം, ജോസഫ് ഗ്രൂപ്പിൽ അതൃപ്തരായ നേതാക്കൾ ഇനിയും ഉണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. അവരെയും മാതൃസംഘടനയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു നെല്ലൂർ . പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പവും ചേര്‍ന്നു. ഇതിനുശേഷം 2023 ഏപ്രിലിൽ ജോണി നെല്ലൂർ വർക്കിങ് ചെയർമാനായി നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം വി.വി അഗസ്റ്റിൻ, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, കെ.ഡി ലൂയിസ് എന്നിവരും നെല്ലൂരിനൊപ്പം പുതിയ പാർട്ടിയിലുണ്ടായിരുന്നു.