തിരുവനന്തപുരം : കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളും പ്രതികളാണ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കണ്ടാലറിയുന്ന 500 പേർക്കെതിരെയും കേസുണ്ട്. പൊതുമുതൽ നശിപ്പിച്ച വകുപ്പും ചുമത്തിയിട്ടുണ്ട്. മ്യൂസിയം പൊലീസാണ് ജാമ്യമില്ലാ കേസെടുത്തത്.
പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന് സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരന് ഉള്‍പ്പെടെ നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടര്‍ന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.
സത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മുദ്രാവാക്യമുയര്‍ത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണം നടത്തി.