കഴിഞ്ഞ മാസം 26ന് നടന്ന ഇറ്റാലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ബെര്‍ലുസ്കോണിയെയും കോമാളിയെയുമൊക്കെ വോട്ട് ചെയ്ത് അധികാരത്തിലേറ്റാന്‍ ഇറ്റലിയിലേക്ക് വിമാനമേറിയ നാവികര്‍ ഇനി തിരിച്ചു വരില്ല. ഇന്ത്യക്കാരെ മുഴുവന്‍ കോമാളികളാക്കിയ നടപടിക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും നിയമസംവിധാനങ്ങളുടെയും പൂര്‍ണ്ണ പിന്തുണയും.
മാര്സിമിലോനോ, സാല്‍വത്തോറെ ഗിലോണ്‍ എന്നീ രണ്ട് ഇറ്റാലിയന്‍ നാവികരുടെ കേസിന്റെ അന്ത്യം ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്ന് പൊതു ജനങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളതായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. നാവികര്‍ സ്വഭവനങ്ങളില്‍ സുഖവാസം ആരംഭിച്ചു. നാവികര്‍ പോയാലെന്ത് വന്നാലെന്ത്, കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തണം, ബിജെപിക്ക് അധികാരം തിരിച്ചു പിടിക്കണം, ഇടതുപക്ഷത്തിന് രാജ്യമൊട്ടാകെ കമ്മ്യൂണിസം വ്യാപിപ്പിക്കണം, ഇതിനിടയില്‍ കൊല്ലപ്പെട്ട ഒരു മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് നീതി നടപ്പാക്കി കൊടുത്തത് കൊണ്ട് പാര്‍ട്ടിക്ക് എ്ന്ത് ഗുണം.
ഇതാദ്യമല്ല ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെയും സര്‍ക്കാരിനെയും ജനങ്ങളെയും ഒരേ പോലെ ഇളിഭ്യരാക്കി വിദേശ കുറ്റവാളികള്‍ രാജ്യം വിടുന്നത്. ബോഫോഴ്സ് കേസിലും യൂണിയന് കാര്‍ബൈഡ് കേസിലും ഫ്രഞ്ച് ചാര കേസിലുമെല്ലാം പോലീസും സര്‍ക്കാരും കോടതിയും പ്രതികള്‍ മനസ്സുമാറി മടങ്ങി വന്ന് ശിക്ഷ ചോദിച്ചു വാങ്ങുന്നത് സ്വപ്നം കണ്ട് കഴിയുകയാണ്. ഇതു തന്നെയാകും ഇനി ഇറ്റാലിയന്‍ മറീനുകളുടെ കാര്യത്തിലും സംഭവിക്കുക.
ഇന്ത്യന്‍ സര്‍ക്കാര്‍ നിയമവശങ്ങളെ കുറിച്ച് സമഗ്രമായി പഠിക്കാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്ന് സാമാന്യ ജനങ്ങള്ക്കൊല്ലാം തന്നെ ഗ്രാഹ്യമുള്ള കാര്യമാണ്. സര്‍ക്കാരിന് പഠിക്കാനും കൈകാര്യം ചെയ്യാനും ഈ ഒരു കേസ് മാത്രം അല്ലല്ലോ ഉള്ളത്. മന്ത്രിമാരുടെയും ബന്ധപ്പെട്ട കേന്ദ്രങ്ങളുടെയും അഴിമതിയുടെ കഥകള്‍ നാള്‍ക്കു നാള് പുറത്തു വന്നു കൊണ്ടിരിക്കുന്നു, അതു മൂടി വെയ്ക്കണം. അന്വേഷണം നടക്കുന്ന അഴിമതി കേസുകളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കളങ്കമേല്ക്കാതെ നോക്കണം,അങ്ങനെ ബാധ്യതകള്‍ ഏറെയാണ്.
ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ സുഖതാമസം നടത്തുകയായിരുന്ന ഇറ്റാലിയന്‍ നാവികരെ ഇറ്റലിക്ക് പോകാന്‍ അനുമതി നല്‍കിയത് സുപ്രീംകോടതിയാണ്. നേരത്തെ ക്രിസ്്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോയ മറീനുകള്‍ അനുവദിച്ച സമയ പരിധി അവസാനിക്കും മുന്‍പ് തന്നെ തിരിച്ചെത്തി സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രീതി പിടിച്ചു പറ്റിയിരുന്നു. തന്നെയുമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തങ്ങള്‍ക്ക് വിശ്വാസം ഉണ്ടെന്നും അതിനാലാണ് തിരികെയെത്തിയതെന്നും തട്ടിവിട്ടു. ഇന്ത്യന്‍ ജനതയെ കാത്തു സൂക്ഷിക്കുന്ന നീതി ദേവതയേ വാനോളം പുകഴ്ത്തിയ ഇറ്റലിക്കാര്‍ ഇപ്പോള്‍ ഇന്ത്യയെയും ജുഡീഷ്യറിയേയും കുറ്റം പറയുകയാണ്. നാവികരുടെ കാര്യത്തില്‍ ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ നടത്തിയില്ല, നടപടി ക്രമങ്ങള്‍ക്ക് വേഗത കുറവാണ് തുടങ്ങി ആക്ഷേപങ്ങള്‍ ധാരാളമുണ്ട്.
സുപ്രീംകോടതിയില്‍ നിന്നും നേടിയെടുത്ത കപട വിശ്വാസ്യതയെ ചൂഷണം ചെയ്താണ് ഇപ്പോള്‍ നാവികര്‍ കടല്‍ കടന്ന് സ്വരാജ്യത്ത് വിഹരിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവതിക്കുമ്പോള് നാവികരെ തിരികെ എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്ക്കായിരിക്കും എന്ന് പ്രത്യേകം പറഞ്ഞിരുന്നു. കോടികളുടെ ബോണ്ടും കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഇങ്ങനെ പറഞ്ഞ വാക്കുകളെല്ലാം കാറ്റി പറത്തിക്കൊണ്ടാണ് ഇറ്റലിയുടെ പുതിയ നിലപാട്.
കേസിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടനം നടന്നത് എന്നതിനാല്‍ ഇന്ത്യയില്‍ വിചാരണ സാധിക്കില്ലെന്ന് ഇറ്റലി നിലപാട് സ്വീകരിച്ചിരുന്നു. നാവികരെ തിരിച്ച് ഇറ്റലിയില്‍ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇറ്റലിയുടെ ഭാഗത്ത് നിന്ന് ശക്തമായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ച കോടതിയുടെ നടപടി പ്രതിഷേധാര്‍ഹം തന്നെയായിരുന്നു. വിചാരണ കൂടാതെ നമ്മുടെ തടവറകളില്‍ ആയിരകണക്കിന് യുവാക്കള്‍ കഴിയുമ്പോളാണ് കോടതിയുടെ വിദേശികളോടുള്ള വിശാല മനസ്കത എന്നത് പ്രസക്തമാണ്. കര്‍ണ്ണാടക കോടതിയില്‍ വിചാരണ കൂടാതെ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനി തന്നെ ഇന്നും ജ്വലിക്കുന്ന പ്രശ്നമായി നമുക്ക് മുന്നില്‍ ഉണ്ട്. കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങി മകളുടെ കല്യാണത്തിന് എത്തിയ മദനി തനിക്കൊപ്പം വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന ഒരു പതിനൊന്നു വയസുകാരന്റെയും കഥ പറഞ്ഞു. മദനി തെറ്റുകാരനല്ലെന്നോ നിഷ്കളങ്കനാണെന്നോ എനിക്ക്് അഭിപ്രായമില്ല, തെറ്റു ചെയ്തവര്‍ക്കും ശിക്ഷ ലഭിക്കണം പക്ഷെ ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞത് പോലെ അത് ഇരട്ട ശിക്ഷ ആകരുത്.
കൊല്ലം നീണ്ടകരയില്‍ എന്റിക്ക ലക്സി കപ്പലില്‍ നിന്നും ചുമ്മാ തോക്ക് എടുത്ത് വെടിയുതിര്‍ത്ത് രസിച്ച നാവികരുടെ കലാ പരിപാടിയില്‍ കുടുംബത്തിന്റെ താങ്ങും തണലും നഷ്ടമായ കുറച്ചു പേര് നീണ്ടകരയില്‍ ഇപ്പോഴും ജീവനോടെയുണ്ട്. അവരുടെ കുടുംബത്തോട് സമാധാനം പറയേണ്ട കാര്യം സ്വാഭാവികമായും കോടതിക്ക് ഇല്ല. എന്നാല്‍ ഒരേ വിഷയത്തില്‍ കോടതി ഇരട്ടതാപ്പ് നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ സിപിഎം നേതാവ് ജയരാജന്റെ വാക്കുകള്‍ വായ്പ എടുത്ത് ജഡ്ജിമാരെ വിളിക്കേണ്ടി വരും.
നമ്മുടെ മന്മോഹന് സിങ്ങും സൂശീല്‍ കുമാര്‍ ഷിന്‍ഡെയും സുപ്രീംകോടതി ജഡ്ജിയുമൊക്കെ സ്വപ്നം കാണുന്നത് പോലെ മനസ്സ് മാറി ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിക എത്തട്ടേ എന്ന് നമുക്കും ആഗ്രഹിക്കാം.