ഡെറാഡൂണ്‍ : ദിവസങ്ങളായി ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വീല്‍ഡ് സ്ട്രെച്ചറില്‍ പുറത്ത് എത്തിക്കാന്‍ പദ്ധതി. നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിവിടുന്ന പൈപ്പുകള്‍ തൊഴിലാളികളുടെ അരികില്‍ എത്തുന്ന സമയത്ത്, ഓരോ തൊഴിലാളിയെയും വീല്‍ഡ് സ്ട്രെച്ചറില്‍ ബന്ധിപ്പിച്ച് പുറത്ത് എത്തിക്കാനാണ് പദ്ധതിയെന്ന് ദേശീയ ദുരന്ത പ്രതികരണ സേനാ വൃത്തങ്ങള്‍ പറഞ്ഞു.
തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള പാത തുരക്കുന്ന സമയത്ത് ബുധനാഴ്ച രാത്രി ഇരുമ്പ് കഷ്ണം തടസ്സമായി വന്നിരുന്നു. ഇത് നീക്കം ചെയ്ത് ഇന്ന് രാവിലെ 41 തൊഴിലാളികളെയും പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മുഴുവന്‍ അംഗങ്ങളും സജ്ജരാണെന്നും ദേശീയ ദുരന്ത പ്രതികരണ സേന ഡയറക്ടര്‍ ജനറല്‍ അതുല്‍ കാര്‍വാള്‍ അറിയിച്ചു. നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി കുടുങ്ങി കിടക്കുകയാണ് തൊഴിലാളികള്‍.
അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിവിടുന്ന പൈപ്പുകള്‍ തൊഴിലാളികളുടെ അരികില്‍ എത്തുന്ന സമയത്ത്, ഓരോ തൊഴിലാളിയെയും വീല്‍ഡ് സ്ട്രെച്ചറില്‍ ബന്ധിപ്പിച്ച് പുറത്ത് എത്തിക്കാനാണ് പദ്ധതി. തൊഴിലാളികള്‍ ഉയരം കുറഞ്ഞ, ചക്രങ്ങളുള്ള സ്ട്രെച്ചറുകളില്‍ കിടക്കും. NDRF അംഗങ്ങള്‍ കയറുകള്‍ ഉപയോഗിച്ച് ഓരോ തൊഴിലാളിയെയും വലിച്ച് പുറത്ത് എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിന് മുന്നോടിയായി 800 എംഎം വ്യാസമുള്ള പൈപ്പുകളില്‍ തടസം ഒന്നുമില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിര്‍മ്മാണാവിശിഷ്ടങ്ങള്‍ പൈപ്പിനുള്ളില്‍ കുടുങ്ങിയാല്‍ സ്ട്രെച്ചറിന്റെ നീക്കത്തെ ബാധിക്കും. തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ 800എംഎം പൈപ്പ് പര്യാപ്തമാണ്. പൈപ്പിന് 32 ഇഞ്ച് വീതിയാണ് ഉണ്ടാവുക. ഇതിലൂടെ അനായാസം തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 48 മീറ്റര്‍ ദൂരം വരെ പൈപ്പുകള്‍ കടത്തിവിട്ടു കഴിഞ്ഞു. ഇനി 12 മീറ്റര്‍ ദൂരത്താണ് ഡ്രില്ലിങ് പൂര്‍ത്തിയാക്കാനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.