ന്യൂഡൽഹി: അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതു കൊണ്ടു മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പരമോന്നത കോടതി ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. ധനാപഹരണക്കേസിൽ പങ്കജ് ബൻസൽ, ബസന്ത് എന്നിവരെ അറസ്റ്റു ചെയ്ത സംഭവത്തിലാണ് കോടതി വിധി.’പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഒരു പ്രധാന ഏജൻസി എന്ന നിലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെല്ലാം സുതാര്യമായിരിക്കണം. അന്വേഷണത്തിൽ അങ്ങേയറ്റത്തെ നിഷ്പക്ഷതയും നീതിയും കാണിക്കണം. അറസ്റ്റു ചെയ്താൽ അത് രേഖാമൂലം അപ്പോൾ തന്നെ അറിയിക്കുകയും വേണം. 2002ലെ നിയമപ്രകാരം ഇഡിക്ക് നൽകിയ വിപുലമായ അധികാരങ്ങൾ പ്രതികാരം ചെയ്യാനുള്ളതല്ല.’ – വിധി പ്രസ്താവത്തിൽ പറയുന്നു.
അറസ്റ്റ് രേഖാമൂലം എഴുതി നൽകേണ്ടതില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചില്ല. പിഎംഎൽഎ നിയമം സെക്ഷൻ 19 ലെ വകുപ്പ് 22(1) പ്രകാരം അത് നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് സുപ്രിംകോടതി വിധി. ബിജെപി ഇതര രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡിയുടെ റെയ്ഡും അന്വേഷണവും അതിവേഗത്തിൽ നടക്കുന്നത് പ്രതികാര നടപടിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.