


ചെന്നൈ : കൈക്കൂലി വാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ടിവികെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെങ്കല്‍പട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറിയും മാമ്പാക്കം പഞ്ചായത്ത് യൂണിയന് ചെയര്‍മാനുമായിരുന്ന വീരസാമിക്കെതിരെയാണ് നടപടി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു കരാറുകാരനില്‍ നിന്ന് വീരസാമി 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടിവികെ അഴിമതി വിരുദ്ധത പുറമേക്ക് മാത്രം പ്രസംഗിക്കുന്ന പാര്‍ട്ടിയാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
വിവാദത്തിന് പിന്നാലെ വീരസാമിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും അടിയന്തരമായി പുറത്താക്കിക്കൊണ്ട് ടിവികെ അച്ചടക്ക സമിതി ഉത്തരവിറക്കുകയായിരുന്നു. പാര്‍ട്ടിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ചെങ്കല്‍പട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിവി ദിനകരന് അറിയിച്ചു.
കൈക്കൂലി വാങ്ങുന്നവരെയോ അധികാര ദുര്‍വിനിയോഗം ചെയ്യുന്നവരെയോ വെച്ചുപൊറുപ്പിക്കില്ലെന്ന് ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് കരൂരില്‍ നടന്ന റാലിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരുടെ വിവരങ്ങള്‍ അറിയിക്കാനുള്ള വാട്സ്ആപ്പ് ഹെല്പ്ലൈന് ഉള്‍പ്പെടെ തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് സ്വന്തം പാര്‍ട്ടി നേതാവിനെതിരെയുള്ള അച്ചടക്ക നടപടി.
വിവാദങ്ങള്‍ക്കിടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഴിമതി വിരുദ്ധ ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ‘കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്’ എന്ന സന്ദേശത്തോടൊപ്പം, പൊതുജനങ്ങള്‍ക്ക് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് പരാതി നല്കാന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ പ്രത്യേക വാട്സ്ആപ്പ് നമ്പറും ബന്ധപ്പെടേണ്ട മറ്റ് വിവരങ്ങളും ഈ ബോര്‍ഡുകളില്‍ രേഖപ്പെടുത്തും. ഓണ്‍ലൈന്‍ വഴിയും പരാതികള്‍ നല്കാന് സാധിക്കുന്ന രീതിയില്‍ എല്ലാ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും നേരിട്ടുള്ള ഹൈപ്പര്‍ലിങ്കും ഉള്‍പ്പെടുത്തും. നിര്‍ദ്ദേശങ്ങള്‍ ഓഫീസുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണ സംഘങ്ങളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.