

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേവസ്വം ആസ്ഥാനത്തെത്തി നിർണായക പരിശോധന നടത്തുന്നത്.
ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണറിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പുതിയ പരിശോധന. 2025-ൽ പി.എസ് പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
2019-ൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുപിടിക്കാൻ 2025-ൽ ശ്രമം നടന്നതായി കണ്ടെത്തിയിരുന്നു. പുതിയ പരിശോധനയിലൂടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരിക്കാനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
ഹൈക്കോടതിയുടെ യാതൊരു അനുമതിയും വാങ്ങാതെയാണ് 2025ല്‍ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശാനായി നല്‍കിയതെന്നാണ് എസ്ഐടി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ ഇടപാടില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൂടാതെ, 2019ല്‍ നടന്ന സമാനമായ ഇടപാട് മറച്ചുവെക്കാനും മുന്‍ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.