


തിരുവനന്തപുരം : 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് മുൻ സർക്കാരിൽ നിന്നും ലഭിച്ച സാമ്പത്തിക പാരമ്പര്യം കടുത്ത ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് പുതുതായി പുറത്തിറക്കിയ ‘കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോർട്ട്’ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്.
കുതിച്ചുയരുന്ന കടബാധ്യതയും അമിത ചെലവുകളും
കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.07 ലക്ഷം കോടിയായി കുതിച്ചുയർന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35.5 ശതമാനം വരും. സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, കടമെടുത്ത തുകയ്ക്കുള്ള പലിശ എന്നിവ നൽകാൻ മാത്രമായി ചെലവാകുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. മറ്റ് സംസ്ഥാനങ്ങളിലെ ദേശീയ ശരാശരി 46.1 ശതമാനം ആയിരിക്കുമ്പോഴാണ് കേരളത്തിൽ ഇത് ഇത്രയും ഉയർന്ന നിരക്കിൽ നിൽക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇത്തരം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നതിനാൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ മൂലധന ചെലവ് GSDPയുടെ വെറും 1.3 ശതമാനം മാത്രമാണ്.
രൂക്ഷമായ ട്രഷറി പ്രതിസന്ധിയും കുടിശ്ശികകളും
സംസ്ഥാനത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടക്കുന്ന ട്രഷറി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വരുമാനം തികയാതെ വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളെയും ഓവർഡ്രാഫ്റ്റിനെയുമാണ് സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത്. 2025ൽ മാത്രം 262 ദിവസങ്ങളിൽ കേരളം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളിലും, 84 ദിവസങ്ങളിൽ ഓവർഡ്രാഫ്റ്റിലും ആയിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ കുടിശ്ശിക ഇനത്തിൽ മാത്രം അടിയന്തരമായി നൽകാനുള്ളത് ₹48,733 കോടിയാണ്. ഇതിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ കുടിശ്ശികകളായി നൽകാനുള്ള കോടികളും ഉൾപ്പെടുന്നു. ബാങ്കുകൾക്കും കരാറുകാർക്കും ബിൽ ഡിസ്കൗണ്ടിങ് വഴി നൽകാനുള്ള കുടിശ്ശികകളും ഇതിൽ വരും.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും നൽകുന്ന ആഘാതം
ബജറ്റിന് പുറത്തുനിന്നും വികസന പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ പ്രവർത്തനങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. കിഫ്ബിയ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത നിലവിലുണ്ട്. കൂടാതെ അംഗീകരിച്ച പല പ്രൊജക്റ്റുകൾക്കുമായി ഇനിയും ₹35,000 കോടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയ്ക്ക് മതിയായ സ്വന്തം വരുമാനമില്ലാത്തതിനാൽ അവയുടെ കടങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ കടങ്ങളായി തന്നെ കണക്കാക്കണമെന്ന സിഎജി കണ്ടെത്തലും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടർച്ചയായ നഷ്ടം ഖജനാവിന് മറ്റൊരു വലിയ ഭാരമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 2024-25ൽ ₹78,851 കോടിയായി ഉയർന്നു. ഇതിൽ തന്നെ കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടത്തിൽ മുൻപന്തിയിലുള്ളത്.
വികസന മുരടിപ്പും കേന്ദ്ര വിഹിതത്തിലെ ഇടിവും
കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മൊത്തം ചെലവിലെ പ്ലാൻ ഫണ്ടിന്റെ വിഹിതം 18 ശതമാനത്തിന് താഴെയായി ചുരുങ്ങി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയാണ്. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതിവിഹിതം 9.24 ശതമാനത്തിൽ നിന്നും 3.85 ശതമാനമായി കൂപ്പുകുത്തി.
കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന നികുതി വിഹിതത്തിലും ഗ്രാന്റുകളിലുമുള്ള കുറവും സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചു. ജിഎസ്ടി കോമ്പൻസേഷൻ നിർത്തലാക്കിയതും, റവന്യൂ കമ്മി ഗ്രാന്റ് പൂർണമായും ഇല്ലാതായതും സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ വിടവ് സൃഷ്ടിച്ചു.
മുന്നോട്ടുള്ള വഴികളും പ്രധാന ശിപാർശകളും
കേരളത്തിന്റെ നിലവിലെ ധനകാര്യ സ്ഥിതി ഏറെ ആശങ്കാജനകമാണെന്ന് വിലയിരുത്തുമ്പോഴും, ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കൃത്യവും പ്രായോഗികവുമായ പരിഹാരമാർഗങ്ങൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക വിനിയോഗത്തിൽ കർശനമായ അച്ചടക്കം പാലിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും, വരുമാന സ്രോതസുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയും മാത്രമേ സംസ്ഥാനത്തിന് സുസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് സർക്കാരിന്റെ മാത്രം ഇടപെടലുകൾ മതിയാകില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട്, സംസ്ഥാനത്ത് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. അതോടൊപ്പം തന്നെ സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങൾ വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും വേണം. വ്യവസായ വികസനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം സംസ്ഥാനത്ത് ഒരുക്കേണ്ടതുണ്ട്. ഇതിലൂടെ പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക ചലനാത്മകത ഉറപ്പുവരുത്താനും സാധിക്കും.
ഭാവിയിലെ വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഏറ്റവും അത്യാവശ്യമായി വേണ്ടത് തടസമില്ലാത്ത ഊർജലഭ്യതയാണ്. വർധിച്ചുവരുന്ന ഈ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സംസ്ഥാനത്തെ വൈദ്യുതി ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുന്നതിനുമായി ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാൻ സർക്കാർ തയ്യാറാകണം. വൈദ്യുതി വിതരണ-സംഭരണ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇത്തരം നിക്ഷേപങ്ങൾ സഹായകമാകും.
കാര്യക്ഷമതയില്ലാത്തതും സംസ്ഥാന ഖജനാവിന് വർഷങ്ങളായി വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ അടിയന്തരമായി പുനർഘടന ചെയ്യണമെന്ന് റിപ്പോർട്ട് കർശനമായി ശിപാർശ ചെയ്യുന്നു. ലാഭകരമല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനരീതി ഉടച്ചുവാർക്കുകയും, ആവശ്യമെങ്കിൽ തന്ത്രപ്രധാനമല്ലാത്തവയുടെ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കേണ്ടതുണ്ടെന്നും ഈ ശിപാർശകൾ വ്യക്തമാക്കുന്നു. സബ്സിഡികൾ അർഹരായവരിലേക്ക് മാത്രം നേരിട്ട് എത്തിക്കുക എന്ന നയവും ഇതിനൊപ്പം നടപ്പിലാക്കേണ്ടതുണ്ട്.