


തിരുവനന്തപുരം : നിയസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ലീഗിന്റെ മുന്നറിയിപ്പ്.
‘മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം ഉണ്ടെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, ലീഗ് ഇതില്‍ അതൃപ്തരാണ്, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പുറത്തു വരുന്ന സംഭവങ്ങളില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും അതില്‍ ആശങ്കയുണ്ട്, ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായ വിധിയാണ് നല്‍കിയിട്ടുള്ളതെന്നും’ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും അണികള്‍ തമ്മില്‍ മുഖ്യമന്ത്രി പദവിയെ ചൊല്ലി പരസ്യമായി പോരടിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ ഇടപെടല്‍. മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങളുടെ നേതാക്കളാണ് യോഗ്യരെന്ന വാദങ്ങള്‍ ഉയര്‍ത്തിയാണ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ വാക്ക്പ്പോര് തുടരുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചെത്താവുന്ന എംഎല്‍എമാരുടെ പിന്തുണ നേടുന്നതിനുള്ള നീക്കങ്ങള്‍ ഇരു നേതാക്കളുടെ ഭാഗത്തുനിന്നും ഇതിനകം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാകുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത്തരം നീക്കങ്ങള്‍ വോട്ടര്‍മാരുടെ മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്നതാണെന്നാണ് ലീഗിന്റെ നിലപാട്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍, തങ്ങള്‍ തങ്ങളുടെ വഴി തെരഞ്ഞെടുക്കുമെന്നും പേര് വെളിപ്പെടുത്താത്ത ഒരു ലീഗ് നേതാവ് പറഞ്ഞു. ‘ഇത് ഇനി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമല്ല. ഇത് യുഡിഎഫിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന വിഷയമാണ്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ബെന്നി ബെഹ്നാന്, കെസി ജോസഫ്, കെ മുരളീധരന് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നേതാക്കള്‍ക്കിടയിലെ ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അതൃപ്തി അതത് നേതാക്കളെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസിലെ ഇത്തരം തെറ്റായ പ്രവണത ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ബെന്നി ബഹന്നാന് കത്തയച്ചിട്ടുണ്ട്.