

മുംബൈ : സംസ്ഥാനത്തുടനീളം ക്രിസ്ത്യന്‍ മിഷനറികളുടെയും ദേവാലയങ്ങളുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ നിയമസഭയില്‍ പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ മിഷനറികള് കൈവശം വെച്ചിരിക്കുന്ന ഭൂമി പരിശോധിക്കും.
നിയമവിരുദ്ധ കയ്യേറ്റങ്ങള്‍, തര്‍ക്കത്തിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, ഉടമസ്ഥാവകാശത്തിലെ ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഭൂമിയിടപാടുകളിലെ സുതാര്യത ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും മന്ത്രി പറയുന്നു.
ക്രിസ്ത്യന്‍ മിഷനറികള് കൈവശം വച്ചിരിക്കുന്ന എല്ലാ ഭൂമിയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘നിയമ സാധുതയുള്ള ഉടമസ്ഥാവകാശമുള്ളവര്‍ വിഷമിക്കേണ്ടതില്ല. എന്നാല്‍ നിയമലംഘനം കണ്ടെത്തിയാല്‍ സര്‍ക്കാര്‍ കേസുകള്‍ അവലോകനം ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് കാലഘട്ടം മുതല്‍ മിഷനറി സംഘടനകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തുക്കളും ഏതെങ്കിലും നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അതത് ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് പരിശോധന നടത്തുക. അനധികൃതമാണെന്ന് കണ്ടെത്തുന്ന എല്ലാ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ തീവ്രഹിന്ദുത്വരുടെ ആക്രമണങ്ങള്‍ നടക്കുമ്പോഴാണ് മിഷണറികളുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് നേരെയുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷണം തേടി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചിരുന്നു.