
തിരുവനന്തപുരം : വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ലെന്നും വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിക്കത്തില്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാരിന് അദാനി കമ്പനി നല്കിയ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് കത്തിൽ ചോദിച്ചിരുന്നത്. കരാര്‍ ലംഘനം സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതിലടക്കം വ്യക്തത നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാന്‍ ആവില്ലെന്നും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരുന്നു.
കേരള സര്‍ക്കാര്‍ അറിയാതെയാണോ സെബിയുമായി ഒരു കരാര്‍ അദാനി ഒപ്പിട്ടതെന്ന് കത്തില്‍ ചോദിച്ചിരുന്നു. അത്തരം നടപടികള്‍ കരാര്‍ ലംഘനമാണ്. കരാര്‍ ലംഘനത്തില്‍ സര്‍ക്കാര്‍ നിയമ നടപടിയോ നിയമോപദേശമോ തേടിയോ എന്നും ചോദിക്കുന്നു. അദാനി നല്കിയ കത്തിന്മേൽ ഇനി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? മാധ്യമങ്ങളില്‍ അദാനി ആദ്യം ഒരു അപേക്ഷ നല്‍കിയെന്നും പിന്നീട് പലകൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം മറ്റൊരു അപേക്ഷ നല്‍കിയെന്നും വാര്‍ത്തവരുന്നുണ്ട്. ഇതിലെ സത്യാവസ്ഥ എന്താണെന്നും കത്തില്‍ ചോദിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രി ഇന്ന് മറുപടി കത്തയച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കത്തി മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തില്‍ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്സിയുടെ ടെര്‍മിനല്‍ വിഭാഗമായ ടിഐഎല്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 16 ലക്ഷം ടിഇയു ആണ് ശേഷി.