

കൊച്ചി : വിവാഹിതയായ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചതായും സുരക്ഷ ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതായും കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഒരു സേന മറ്റൊരു സേനയ്ക്ക് നല്‍കേണ്ട അടിസ്ഥാന സഹായം മാത്രമാണ് മധ്യപ്രദേശ് പൊലീസിന് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ പോക്സോ കേസെടുത്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ പിടികൂടാന്‍ പൊലീസ് എത്തിയത്. പ്രായപൂര്‍ത്തി ആവാതെ വിവാഹം നടത്തിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് പങ്കാളി ഫര്മാന് ഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ പ്രധാന ആവശ്യം. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്നില്ക്കുന്നതെന്നും 18 വയസ്സ് തികഞ്ഞതാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വയസ് തെളിയിക്കുന്നതിനുള്ള രേഖകളും പൊലീസിന് സമര്‍പ്പിച്ചു.
നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്. മന്ത്രി വി ശിവന്‍കുട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാല്‍, വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതികളുയര്‍ന്നു. 16 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ചെയ്തത്.