


വാഷിങ്ടൺ ഡിസി : നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. സോയൂസ് MS 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് തിരിക്കുക.
ഉച്ചയ്ക്ക് 12.33ന് സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്ത് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിക്കും. വൈകിട്ട് 3.55ന് കസാഖിസ്ഥാനിൽ ആണ് ലാൻഡിങ്. പാരച്യൂട്ട് ഉപയോഗിച്ച് കരയിലാണ് പേടകം ലാൻഡ് ചെയ്യുക നാസ ആസ്ട്രോനോട്ട് ക്രിസ് വില്ല്യംസ്, റഷ്യൻ കോസ്മോനോട്ട്സ് സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് എട്ട് മാസം നീണ്ട ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്നത്.
ദീർഘകാല ബഹിരാകാശ യാത്രയോട് മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഡോക്ടർമാർക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന വിവിധ പഠനങ്ങൾ സംഘം നടത്തി. ബഹിരാകാശവുമായി ബന്ധപ്പെട്ടതും ഭൂമിയിലുള്ളതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് നൂതന ചികിത്സാമാർഗ്ഗങ്ങൾ വികസിപ്പിക്കാൻ സഹായകമാകുന്ന ഗവേഷണങ്ങളും എക്സ്പെഡീഷൻ 74 സംഘം നടത്തി.എക്സ്പെഡീഷൻ 74 സംഘം നടത്തിയ ഈ പരീക്ഷണങ്ങളുടേയും ഗവേഷണങ്ങളുടേയും തുടർച്ചയാണ് അനിൽ മേനോൻ ഉൾപ്പെട്ട എക്സ്പെഡീഷൻ 75 ദൗത്യസംഘം നടത്തുക. മൂന്ന് പേർ ഭൂമിയിലേക്ക് മടങ്ങുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴാകും.