


ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജിവെക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ ‘ദി ഒബ്സർവർ’ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്രധാനമന്ത്രി ഭരണപരമായ കാര്യങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രധാന രാഷ്ട്രീയ എതിരാളിയായ ആൻഡി ബേൺഹാം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്റ്റാർമറുടെ നേതൃത്വത്തിന് നേരെ ഉയർന്നിരുന്ന ഭീഷണി കൂടുതൽ ശക്തമായിരുന്നു. പാർലമെന്റ് അംഗമായതോടെ സ്റ്റാർമറുടെ നേതൃത്വത്തെ ഔദ്യോഗികമായി ചോദ്യം ചെയ്യാനുള്ള വഴി ബേൺഹാമിന് മുന്നിൽ തുറന്നിരിക്കുകയാണ്.
അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് സ്റ്റാർമർ തന്റെ ഔദ്യോഗിക വസതിയായ ചെക്കേഴ്സിൽ വെച്ച് ഭാര്യയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഒബ്സർവർ റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ചയോടെ തന്നെ അദ്ദേഹത്തിന്റെ ഭാവി നിലപാടുകൾ വ്യക്തമാക്കുന്ന പ്രസ്താവന പുറത്തുവരുമെന്നാണ് ലേബർ പാർട്ടിയിലെ മുതിർന്ന നേതാക്കൾ കരുതുന്നത്. നേതൃത്വത്തിനെതിരെയുള്ള ഏത് വെല്ലുവിളിയെയും നേരിടുമെന്നും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ ഒഴിവാക്കണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാർമർ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
2024-ൽ മധ്യ- ഇടതുപക്ഷ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ നേതാവാണ് കീർ സ്റ്റാർമർ. എന്നാൽ, തുടർന്നുണ്ടായ ചില വിവാദങ്ങളും നയപരമായ പിന്മാറ്റങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി വൻതോതിൽ ഇടിപ്പിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന വികാരം വോട്ടർമാർക്കിടയിൽ ശക്തമാണ്.
സ്റ്റാർമർ ഒഴിഞ്ഞാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യം കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാകും അടുത്തതായി വരിക. പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അനധികൃത കുടിയേറ്റം തടയുന്നതിലും തുടർച്ചയായി വരുന്ന സർക്കാരുകൾ പരാജയപ്പെടുന്നതിലുള്ള ജനങ്ങളുടെ അമർഷമാണ് ഈ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണം.
ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളിൽ നാലിലൊന്ന് വരുന്ന നൂറിലധികം ജനപ്രതിനിധികൾ സ്റ്റാർമർ പദവി ഒഴിയണമെന്നോ അല്ലെങ്കിൽ രാജിവെക്കുന്ന തീയതി പ്രഖ്യാപിക്കണമെന്നോ ഇതിനോടകം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്. കാബിനറ്റ് മന്ത്രിമാർ, ഉപദേശകർ, പാർട്ടി ഫണ്ട് നൽകുന്നവർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തന്റെ സ്ഥാനം ഇനി നിലനിർത്താനാകില്ലെന്ന നിഗമനത്തിലേക്ക് സ്റ്റാർമർ എത്തിയതെന്ന് ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു.
പകരക്കാരനായി ആൻഡി ബേൺഹാം?
ലേബർ പാർട്ടിയിൽ സ്റ്റാർമറുടെ പിൻഗാമിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് 56 കാരനായ ആൻഡി ബേൺഹാമിനാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ എന്ന നിലയിൽ പാർട്ടിയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ബേൺഹാം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ നൈജൽ ഫരാഷിന്റെ പാർട്ടിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പാർലമെന്റിലേക്ക് എത്തിയത്.
നേതൃത്വത്തിലേക്ക് താൻ ഉടൻ മത്സരിക്കുമെന്ന് ബേൺഹാം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തിന് പുതിയൊരു പാത ആവശ്യമാണെന്ന് അദ്ദേഹം തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു. സ്റ്റാർമർ സ്വയം പദവി ഒഴിഞ്ഞ് അധികാരം കൈമാറണമെന്നാണ് ബേൺഹാമിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. മുൻ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങും സ്റ്റാർമറെ വെല്ലുവിളിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ബേൺഹാം പ്രധാനമന്ത്രിയായാൽ ഇപ്പോഴത്തെ ധനമന്ത്രി റേച്ചൽ റീവ്സിനെ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് ‘ദി ടൈംസ്’ പത്രം റിപ്പോർട്ട് ചെയ്തു. റേച്ചൽ റീവ്സിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.