മോസ്കോ : റഷ്യയില്‍ സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് എതിരെ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോസിന് പ്രഖ്യാപിച്ചു. യുക്രൈന് യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ സേനയാണ് വാഗ്നര്‍ ഗ്രൂപ്പ്. സൈനിക കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മോസ്കോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വാഗ്നര്‍ ഓഫിസുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. . ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുമായും പുട്ടിന് സ്ഥിതിഗതികള്‍ വിലയിരുത്തി
ദക്ഷിണ റഷ്യയിലെ റൊസ്തോവ്-ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോസിന് വിഡിയോയിലൂടെ അവകാശപ്പെട്ടത്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കു കടന്നെന്നും മരിക്കാന്‍ തയാറായാണ് ആയിരക്കണക്കിന് പോരാളികള്‍ എത്തിയിരിക്കുന്നതെന്നും പ്രിഗോഷി അറിയിച്ചു. വ്യോമതാവളം അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് വാഗ്നര്‍ സേന അവകാശപ്പെടുന്നത്. ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന് അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് പൊടുന്നനെ അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമ വിഡിയോയിലൂടെ പ്രെഗോസിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുക്രെയ്നെതിരായ റഷ്യന്‍ സൈനിക നീക്കത്തില്‍ ഏറെ നിര്‍ണായകമായ സൈനിക കേന്ദ്രങ്ങളാണ് വാഗ്നര്‍ ഗ്രൂപ്പ് രാവിലെ കൈയ്യടക്കിയിരിക്കുന്നത്. രാജ്യത്തെ സൈനികനേതൃത്വത്തില്‍ മാറ്റംവരുത്താന്‍ ലക്ഷ്യമിട്ടാണു നീക്കങ്ങളെന്നാണ് പ്രെഗോസിന്‍ പറഞ്ഞത്.അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് പുടിന്, പ്രിഗോസിന് രാജ്യത്തെ ഒറ്റിയെന്ന് പ്രഖ്യാപിച്ചു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിക്കുന്ന എല്ലാവര്ക്കും കനത്ത ശിക്ഷ നേരിടേണ്ടിവരും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അത് അവസാനിപ്പിക്കണം. പാശ്ചാത്യരുടെ മുഴുവന്‍ സൈനിക, സാമ്പത്തിക, യന്ത്രങ്ങളും നമുക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. ഇത്തരമൊരു സമയത്ത് ഒരു സായുധ കലാപം റഷ്യക്ക് ഒരു പ്രഹരമാണ്- പുടിന് പറഞ്ഞു.
തങ്ങളുടെ സൈന്യത്തിന് നേര്‍ക്ക് റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയെന്ന് കഴിഞ്ഞദിവസം പ്രിഗോസിന് പറഞ്ഞിരുന്നു. റഷ്യ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. യുക്രൈന് യുദ്ധത്തില്‍ റഷ്യയ്ക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ വാഗ്നര്‍ ഗ്രൂപ്പ്, ബാഖ്മുത് അടക്കമുള്ള യുക്രൈന് നഗരങ്ങള്‍ പിടിച്ചെടുത്തിരുന്നു.