കോഴിക്കോട് : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് മാധ്യമങ്ങളുടെ വായ അടപ്പിക്കുകയാണെന്ന് കെ. മുരളീധരന് എംപി. കേന്ദ്രത്തിലെ നരേന്ദ്രേ മോദി സര്‍ക്കാരിന്റെ ബി ടീമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആദ്യ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞത് കടക്ക് പുറത്ത് എന്നാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ജയിലുകള്‍ കാട്ടി കിടക്ക് അകത്ത് എന്നു പറയുന്നു. പിണറായിയുടെ ഭരണത്തില്‍ ഘടകകക്ഷികള്‍പോലും അസ്വസ്ഥരാണ്. എന്നാല്‍ അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ ധൈര്യമില്ല. മാതൃഭൂമിക്കെതിരേ കേസ് എടുത്തപ്പോഴാണ് അവസാന നിമിഷം പ്രതികരിക്കാന്‍ ഇടതുമുന്നണി ഘടകകക്ഷി നേതാവായ എം.വി. ശ്രേയാംസ്കുമാര്‍ നിര്‍ബന്ധിതനായത്. സംസ്ഥാനത്ത് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്നും മുരളീധരന് പറഞ്ഞു.