ന്യൂഡൽഹി : ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ക്യാപ്റ്റൻ ഛേത്രിയുടെ ഗോൾ പിറന്നത് .
ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു . താരങ്ങളെ മാറി മാറി പരീക്ഷിച്ച് റൊട്ടേഷൻ വ്യവസ്ഥയിൽ കളിക്കുന്ന ഇന്ത്യയുടെ ആദ്യ ഇലവനിൽ മംഗോളിയക്കെതിരെ ഗോൾ നേടിയ സഹലിന് ഇടം ലഭിച്ചിരുന്നില്ല . രണ്ട് മത്സരങ്ങളിലെ വിജയത്തോടെ ടൂർണമെന്റിൽ 6 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി. ജൂൺ 15 ന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ ലെബനനെ നേരിടും.