ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ എഫ്ഐആറിലാണ് ഇക്കാര്യങ്ങളുള്ളത്. കൊലയ്ക്ക് ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു. കൊലപാതകം നടത്താനായി മഹേഷ് പ്രത്യകം മഴു തയ്യാറാക്കിയതാണെന്നും പൊലീസ് പറയുന്നു. സ്വന്തം അമ്മയേയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിന്റെ കടുത്ത നിരാശയിലായിരുന്നു മഹേഷ്. നാളുകളായി ഇയാൾ പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.