ഭുവനേശ്വർ: ബാലസോറിലെ ദുരന്തഭൂമിയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ. 275 പേരുടെ ജീവനെടുത്ത അപകടം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഒഡീഷയിലൂടെ കടന്നുപോകുന്ന കോൽക്കത്ത – ചെന്നൈ പ്രധാന പാതയിലെ ട്രെയിൻ ഗതാഗതം വീണ്ടും ആരംഭിച്ചത്.ബാലസോറിലെ അപകടം നടന്ന രണ്ട് ട്രാക്കുകളും പൂർണമായും പുനഃസ്ഥാപിച്ചതായും റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മന്ത്രിയുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിന് ശേഷം ആദ്യമായി ബാലസോർ മേഖലയിലൂടെ ഒരു തീവണ്ടി കടന്നുപോയത്. ബഹാനഗ സ്റ്റേഷന് സമീപത്ത് കൈകൾ കൂപ്പി നിന്ന മന്ത്രിയെ അഭിവാദനം ചെയ്തുകൊണ്ട് ലോക്കോ പൈലറ്റ് ചരക്കുതീവണ്ടിയെ മുന്നോട്ട് ചലിപ്പിക്കുകയായിരുന്നു. ആയിരത്തോളം തൊഴിലാളികൾ രാപ്പകൽ അധ്വാനിച്ചാണ് നാല് ലൈനുകളുള്ള പാതയിലെ രണ്ട് ലൈനുകൾ ഇത്രയും വേഗം പ്രവർത്തനക്ഷമമാക്കിയത്. ഞായറാഴ്ച രാവിലെയോടെ ട്രാക്കുകളിൽ തകർന്നുകിടന്നിരുന്ന ബോഗികൾ പൂർണമായി മാറ്റി പാളങ്ങൾ വീണ്ടും സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു. മറ്റ് രണ്ട് ലൈനുകളിലെയും ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.