ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈയിലേക്കുള്ള കോറമാണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം. അപകടസ്ഥലത്തെത്തി പരിശോധന നടത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നു.കോറമാണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തല്‍.
മെയിന്‍ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന എക്സ്പ്രസ്, ചരക്ക് തീവണ്ടികള്‍ നിര്‍ത്തിയിടാന്‍ 750 മീറ്റര്‍ നീളത്തില്‍ പണിയുന്ന ഹ്രസ്വ ട്രാക്കിലേയ്ക്ക് കയറി(ലൂപ്പ് ട്രാക്ക്).ഈ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് 130 കിലോമീറ്റര്‍ വേഗതയില്‍ വന്ന എക്സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. ശക്തമായ കൂട്ടിയിടിയുടെ ആഘാതത്തില്‍ എക്സ്പ്രസിന്റെ 22 ബോഗികള്‍ പാളം തെറ്റി. ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോയ യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസിന് മുകളിലേയ്ക്ക് പതിച്ചു. ഇതോടെ ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികള്‍ പാളം തെറ്റുകയായിരുന്നെന്നുമാണ് നിഗമനം.
അതേസമയം 130 കിലോമീറ്റർ വേഗതയില്‍ വന്ന കോറമാണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് കയറിയത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സിഗ്നല്‍ സംവിധാനത്തിലെ പാളിച്ചയാണോ അതോ ട്രെയിന്‍ നിയന്ത്രിച്ചിരുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് പറ്റിയ പിഴവാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.