


തിരുവനന്തപുരം : മുതലപ്പൊഴില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലപ്പൊഴി അഴിമുഖത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടം നടന്നയിടത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെ കണ്ണാന്തുറയിലാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അപകടത്തില്‍ ഫ്രീമോനോടൊപ്പം കാണാതായ ഷിജിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വള്ളംമറിഞ്ഞ് അഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേര്‍ നീന്തി രക്ഷപെട്ടു. ഇവരെ കോസ്റ്റല്‍ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടില്‍ കരയില്‍ എത്തിക്കുകയായിരുന്നു.