


ചെന്നൈ : മൈസൂരു – ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരനു വൈകീട്ടു നൽകിയ ലഘുഭക്ഷണത്തിൽ ഫെവിക്വിക്ക് പശയുടെ ട്യൂബ്. ചായയ്ക്കൊപ്പം നൽകിയ പരിപ്പുവടയ്ക്കുള്ളിലാണ് ട്യൂബ് കണ്ടെത്തിയത്. വട കടിച്ചപ്പോൾ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ഇതു കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് ട്യൂബ് പൊട്ടി പുറത്തു വന്ന പശ താൻ ഇതു വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരൻ പറഞ്ഞു.
ട്രെയിൻ നമ്പർ 20608 ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ അംഗങ്ങൾക്കാണ് ദുരനുഭവം ഉണ്ടായത്. വൈകീട്ട് 3 മണിയോടെ ട്രെയിനിൽ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവമെന്ന് യാത്രക്കാരനായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന ഡി ശേഖർ എന്ന യാത്രക്കാരൻ പരിപ്പുവട കഴിക്കാൻ കടിച്ചപ്പോഴാണ് ഉള്ളിൽ ഒളിഞ്ഞിരുന്ന ഫെവിക്വിക് ട്യൂബ് കണ്ടത്. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേക്ക് പടരുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം ഇത് വായിൽ നിന്നു നീക്കം ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.
സംഭവത്തിൽ ശേഖർ ഐആർസിടിസിക്കു പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതായി ശേഖർ വ്യക്തമാക്കി.