

കൊച്ചി : ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ (645) കിലോമീറ്റര്‍ വരെയുള്ള പതിമൂന്ന് ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.
റോഡിന് മീതെയും ഇരുവശത്തുമായുള്ള ടോള്‍ ബൂത്തുകളുടെ പണിയാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ആലപ്പുഴയിലെ തുറവൂര്‍അരൂര്‍ 12 കിലോമീറ്റര്‍ ആറുവരി ഉയരപ്പാതയ്ക്കു പ്രത്യേകം ടോള്‍ നല്‍കേണ്ടി വരും. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റര്‍ യാത്രയ്ക്ക് നാലിടത്ത് ചുങ്കം നല്‍കണം.
കൊളശ്ശേരി (കണ്ണൂര്‍), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവണ്ണ (കോഴിക്കോട്) എന്നിവയാണ് നിലവിലുളള ടോള്‍ ബൂത്തുകള്‍. ചാലിങ്കാല്‍ (കാസര്‍കോട്), കല്യാശേരി (കണ്ണൂര്‍), അഴിയൂര്‍ (കോഴിക്കോട്), നാട്ടിക (തൃശൂര്‍), എരമല്ലൂര്‍ ഉയരപ്പാത (ആലപ്പുഴ), കൃപാസനം ജങ്ഷന് (ആലപ്പുഴ), ഓച്ചിറ (കൊല്ലം), കല്ലുവാതുക്കല്‍ (കൊല്ലം), നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തുകള്‍.