
തിരുവനന്തപുരം : എസ്എസ്കെ പദ്ധതി വഴി കേരളത്തിന് ലഭിക്കേണ്ട 1500 കോടി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത രണ്ട് ദിവസത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ വിവിധ പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിയോട് അവതരിപ്പിച്ചു. എസ്എസ്കെ പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,500 കോടി ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ ലഭ്യമാക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കി’ -മന്ത്രി എന്‍. ഷംസുദ്ദീന് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വത്തിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില്‍ സമരം ശക്തമാക്കിയിരിക്കെയാണ് ഡല്‍ഹിയില്‍ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ എന്‍. ഷംസുദ്ദീന് പങ്കെടുത്തത്.