


ന്യൂഡല്‍ഹി : കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. സംസ്ഥാന വഖഫ് ബോര്‍ഡും വഖഫ് ബോര്‍ഡ് അംഗം ഉമര്‍ ഫൈസിയുമാണ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കണം വഖഫിന്റെ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന ഹൈക്കോടതി നിര്‍ദേശമാണ് സുപ്രീം കോടതി നീക്കിയത്. ജോയിന്റ് സെക്രട്ടറി വെറുമൊരു അംഗമായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങള്‍ ബോര്‍ഡെടുക്കാന്‍ പാടില്ലെന്നും മൂലധന ചെലവുകള്‍ ഉണ്ടാക്കരുതെന്നും എന്നുമായിരുന്നു കേരള ഹൈക്കോടതി വിധി. വഖഫ് കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും തത്കാലം ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവോടെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച അവസ്ഥയാണ്. ഈ സഹചര്യത്തില്‍ കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോര്‍ഡും, ഉമര്‍ ഫൈസിയും സുപ്രീംകോടതിയെ സമീപിച്ചത്.
കേരള വഖഫ് ബോര്‍ഡില്‍ മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരേ ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ് ഫയല്‍ ചെയ്ത പൊതുതാത്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. 2025-ലെ നിയമഭേദഗതി പ്രകാരം മുസ്ലിങ്ങളല്ലാത്ത, കുറഞ്ഞത് രണ്ടംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണമെന്നാണ് വ്യവസ്ഥയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നിയമഭേദഗതിയനുസരിച്ചുള്ള വ്യവസ്ഥയനുസരിച്ച് രണ്ടംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് പിണറായി വിജയന് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയിരുന്നത്. മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ നാമനിര്‍ദേശംചെയ്യാന്‍ ഉത്തരവിടണമെന്നും ഷോണ്‍ ജോര്‍ജ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.