


ന്യൂഡൽഹി : ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങൾ തുടരും. ജൂൺ 22 വരെയാണ് ഇന്ത്യയിൽ ടെലഗ്രാമിന് പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് നടപടി.
പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും എൻടിഎ വ്യക്തമാക്കി.നിരോധനത്തിന് പുറമെ, ജൂൺ 30 വരെ ഇന്ത്യയിൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ നിർജ്ജീവനമാക്കാൻ ടെലഗ്രാമിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഗ്രൂപ്പ് അഡ്മിൻമാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പുതിയ ഫയലുകൾ അറ്റാച്ച് ചെയ്യുകയും തുടർന്ന് യഥാർത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തതായും എൻടിഎ ചൂണ്ടിക്കാട്ടി.