

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമോ എന്ന ചോദ്യങ്ങൾക്കിടെ വിഷയം ഇന്ന് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക്. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പിഎം ശ്രീ കൊണ്ടുവരാനാണ് നീക്കം.
ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ റിപ്പോർട്ട് പരിഗണിച്ചുള്ള റിപ്പോർട്ടാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുക. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.
മന്ത്രിസഭായോഗം ഉപസമിതിക്ക് രൂപം നൽകും.പദ്ധതി വിശദമായി പഠിക്കാനാണ് ഉപസമിതി.ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും തുടര്‍നടപടികൾ.
അതേസമയം, അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും. വി.ഡി സതീശൻ സർക്കാർ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് മുൻപുള്ള അവസാന മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്.