

ചാലക്കുടി : രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ചാലക്കുടി പരിയാരത്ത് വേറിട്ട ജനകീയ പ്രതിഷേധം. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂവത്തിങ്കൽ ജംഗ്ഷനിൽ പാഷൻ പ്രോ ബൈക്ക് കത്തിച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇന്ധന കൊള്ളയ്ക്കുമെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് പരിയാരം ലോക്കൽ കമ്മിറ്റിയുടെ ഈ വേറിട്ട സമരമുറ.
പൂവത്തിങ്കൽ ജംഗ്ഷനിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം ആരംഭിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളികളോടെ നീങ്ങിയ പ്രകടനം പിന്നീട് സൊസൈറ്റി ജംഗ്ഷനിലാണ് സമാപിച്ചത്. തുടർന്ന് സമാപന സമ്മേളന നഗരിയിൽ വെച്ച് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി എം ടെൻസൻ പാഷൻ പ്രോ ബൈക്കിന് തീ കൊളുത്തിക്കൊണ്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് വണ്ടിയിൽ ഇന്ധനമടിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ പരിയാരം ലോക്കൽ സെക്രട്ടറി കെ ആർ സജീവൻ പ്രതിഷേധ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ വികെ സുനിൽകുമാർ, ഷൈനി അശോകൻ, നൈനതാര ചാത്തൻ, കെ ജെ തോമസ്, ആന്റു കളത്തിങ്കൽ, അക്ഷയ് സുരേഷ്, സുജിത് പി എസ് എന്നിവർ പ്രതിഷേധ സംസാരിച്ചു.