


തിരുവനന്തപുരം : പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം ഒരു ദൈവനിയോഗമായി കാണുന്നു.വി.ഡി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ഒരു പുതിയ യുഗം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വിജയത്തിന് പിന്നിൽ ‘ടീം യു.ഡി.എഫ്’ ആണെന്നും തന്നെ ഈ നിലയിൽ എത്തിച്ചത് മുന്നണിയാണെന്നും അദ്ദേഹം സ്മരിച്ചു. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ പൂർണ്ണ പിന്തുണ താൻ ആഗ്രഹിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും തന്റെ നേതാക്കളാണെന്നും മുതിർന്ന നേതാക്കളെ ഒപ്പം നിർത്തിക്കൊണ്ടുമാത്രമേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം ഉറപ്പുനൽകി.
എല്ലാവരുമായും ആഴത്തിൽ ചർച്ചകൾ നടത്തിയതുകൊണ്ടാണ് തീരുമാനത്തിന് അല്പം വൈകിയത്. ജനങ്ങൾ യു.ഡി.എഫിൽ വലിയ പ്രതീക്ഷ വെച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പാർട്ടി കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.