


ന്യൂഡൽഹി : രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും ഒരുമിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാം തടഞ്ഞ സംഭവത്തിൽ കോൺഗ്രസിന്റെ ആരോപണം തള്ളി കേന്ദ്രസർക്കാർ. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക പിഴവുകളെ തുടർന്ന് ബ്ലോക്ക് ചെയ്യപ്പെട്ടതാണെന്ന് ഫ്ലാഗ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. റീൽ ബ്ലോക്ക് ചെയ്തതിന് പിന്നിൽ കേന്ദ്രസർക്കാർ ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ഞായറാഴ്ച ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധി, വിജയിക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോൺഗ്രസ് നേതാവ് ശ്രീവത്സയുടെ ആരോപണം.