

കോഴിക്കോട് : ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ പടക്ക വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെങ്കിലും, ആഘോഷങ്ങൾ അതിരുവിട്ടാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന യുഡിഎഫിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. നിലവിലെ നിയമപ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിവിപാറ്റുകൾ മാത്രമേ എണ്ണുകയുള്ളൂ. പ്രത്യേകമായ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ കൂടുതൽ വിവിപാറ്റുകൾ എണ്ണുന്നത് പരിഗണിക്കുകയുള്ളൂ എന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.