


കോട്ടയം : തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തീരുമാനം.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
ദുരന്തത്തില്‍ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന് മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷനാണ് (46) ഒടുവില്‍ മരിച്ചത്. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.