


തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യാഘാത പ്രഥമ ശുശ്രൂഷ ഉറപ്പാക്കും. പൊതുവിടങ്ങളില്‍ വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തണ്ണീര്‍പ്പന്തലുകള്‍ സജ്ജമാക്കുക. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.