


കൊച്ചി : കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
സീറ്റിന്റെ അപ്ഹോൾസ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്ത് മറ്റ് നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു.
കരിമുകൾ സ്വദേശി അയ്യപ്പൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബൈക്കിനാണ് തീ പിടിച്ചത്. പാർക്കിങ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാൾ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാൻ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്.
അതേസമയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.
സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില് ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.