


കൊച്ചി : കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂര്‍ സ്റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡില്‍ കാത്തു നിന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കലൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയില്‍, കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ നിര്‍വഹിച്ചു.
കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിച്ചു. പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി.
ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് മോദി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ ശക്തിയിൽ മുന്നിലാണ് രാജ്യം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജലാശയങ്ങളുടെ നാടായ കേരളം ഊർജ്ജോൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഒഴുകുന്ന സൗരോർജ്ജ പ്ലാന്റുകൾ കൂടുതലായി ഉണ്ടാകണം. ഇതിലൂടെ വികസിത കേരളം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിൽ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.